ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം ബ്ളോക്കിലാണ് കുമ്മിള്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമ്മിള്‍ ഗ്രാമപഞ്ചായത്തിന് 15.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കടയ്ക്കല്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിതറ പഞ്ചായത്തും, തെക്കുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍, പുളിമാത്ത് പഞ്ചായത്തുകളുമാണ് അതിരുകള്‍.ഏ.ഡി.16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിയ്ക്കും കന്യാകുമാരിയ്ക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു കുമ്മിള്‍ ഗ്രാമമുള്‍പ്പെടുന്ന ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശം. പാണ്ഡ്യദേശത്തെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ അടിയ്ക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറിപാര്‍ത്തത്. അവരിവിടെ വരുമ്പോള്‍ ഗിരിവര്‍ഗ്ഗക്കാരും പട്ടികജാതിക്കാരുമായിരുന്നു ഇവിടുത്തെ തദ്ദേശവാസികള്‍. പുതുതായി എത്തിച്ചേര്ന്നവര് വനം വെട്ടിത്തെളിച്ച് ഇവിടം കൃഷിഭൂമിയാക്കിമാറ്റി. 1938 സെപ്റ്റംബര്‍ മാസം 21-ാം തീയതി പോലീസ് വെടിവയ്പില്‍ 3 പേര് രക്തസാക്ഷികളായ ശംഖുമുഖം സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇവിടെ നിന്നും പങ്കെടുത്തവര്‍ തന്നെ നേതൃത്വം കൊടുത്തുകൊണ്ടാണ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1938-ല്‍ കടയ്ക്കല്‍ വിപ്ളവം സംഘടിപ്പിക്കപ്പെട്ടത്. അന്യായമായ ചന്തപ്പിരിവിനെ എതിര്‍ത്തുകൊണ്ട് ജനങ്ങള്‍ നടത്തിയ മുന്നേറ്റമാണ് കടയ്ക്കല്‍ വിപ്ളവം എന്നപേരില്‍ അറിയപ്പെടുന്ന ജനകീയമുന്നേറ്റമായി രൂപാന്തരപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനുശേഷമുള്ള ഒട്ടനവധി സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലും ഈ പ്രദേശത്തു നിന്നും നിരവധിപേര്‍ പങ്കെടുക്കുകയുണ്ടായി.