കുമ്മിൾ ഗ്രാമപഞ്ചായത്ത് 2026-27 നികുതി പലിശ ഇല്ലാതെ ഒടുക്കുവരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ളോക്കിലാണ് കുമ്മിൾ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമ്മിൾ ഗ്രാമപഞ്ചായത്തിന് 15.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് കടയ്ക്കൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിതറ പഞ്ചായത്തും, തെക്കുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകളുമാണ് അതിരുകൾ.ഏ ഡി.16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിയ്ക്കും കന്യാകുമാരിയ്ക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു കുമ്മിൾ ഗ്രാമമുൾപ്പെടുന്ന ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശം. പാണ്ഡ്യദേശത്തെ നാട്ടുരാജ്യങ്ങൾ തമ്മിൽ അടിയ്ക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളിൽ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറിപാർത്തത്. അവരിവിടെ വരുമ്പോൾ ഗിരിവർഗ്ഗക്കാരും പട്ടികജാതിക്കാരുമായിരുന്നു ഇവിടുത്തെ തദ്ദേശവാസികൾ പുതുതായി എത്തിച്ചേർന്നവർ വനം വെട്ടിത്തെളിച്ച് ഇവിടം കൃഷിഭൂമിയാക്കിമാറ്റി. 1938 സെപ്റ്റംബർ മാസം 21-ാം തീയതി പോലീസ് വെടിവയ്പിൽ 3 പേർ രക്തസാക്ഷികളായ ശംഖുമുഖം സ്റ്റേറ്റ് കോൺഗ്രസ്സ് സമ്മേളനത്തിൽ ഇവിടെ നിന്നും പങ്കെടുത്തവർ തന്നെ നേതൃത്വം കൊടുത്തുകൊണ്ടാണ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1938-ൽ കടയ്ക്കൽ വിപ്ളവം സംഘടിപ്പിക്കപ്പെട്ടത്. അന്യായമായ ചന്തപ്പിരിവിനെ എതിർത്തുകൊണ്ട് ജനങ്ങൾ നടത്തിയ മുന്നേറ്റമാണ് കടയ്ക്കൽ വിപ്ളവം എന്നപേരിൽ അറിയപ്പെടുന്ന ജനകീയമുന്നേറ്റമായി രൂപാന്തരപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനുശേഷമുള്ള ഒട്ടനവധി സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും ഈ പ്രദേശത്തു നിന്നും നിരവധിപേർ പങ്കെടുക്കുകയുണ്ടായി